പല്ല് ഉന്തിയവർക്ക് ജോലി; സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് പിഎസ്‌സി
തിരുവനന്തപുരം: ഉന്തിയ പല്ലുകളുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളിൽ (സ്പെഷ്യൽ റൂൾസ്) ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ പി.എസ്.സിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പി.എസ്.സി വൃത്തങ്ങൾ അറിയിച്ചു. നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണമോയെന്നത് വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് സർക്കാർ എടുക്കുന്ന നയപരമായ തീരുമാനമാണ്. ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചാൽ പി.എസ്.സിയുമായും ആലോചിക്കും. പി.എസ്.സി യോഗം വിളിച്ച് നിലപാട് സർക്കാരിനെ അറിയിക്കും. അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്.
നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പി.എസ്.സി സർക്കാരിനോട് ആവശ്യപ്പെടാറില്ല. ആദിവാസികൾക്ക് മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന മുത്തുവിനെ ഉന്തിയ പല്ലുള്ളതിനാൽ അയോഗ്യനാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണ്. യൂണിഫോം തസ്തികകളിൽ അസിസ്റ്റന്‍റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്ന് ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥിയുടെ യോഗ്യത നിർണയിക്കുന്നത്. അപ്പോയിന്‍റ്മെന്‍റ് റൂളുകളിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
യൂണിഫോം പോസ്റ്റുകളിൽ പരാമർശിച്ചിരിക്കുന്ന ശാരീരിക യോഗ്യതകൾ ഇനിപ്പറയുന്നവയാണ്: ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം. വർണ്ണ അന്ധത ഉൾപ്പെടെയുള്ള വൈകല്യങ്ങൾ അയോഗ്യരായി കണക്കാക്കും. മുട്ടു തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരശേഷിയിലുമുള്ള കുറവുകളും അയോഗ്യതയാണ്.