ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് ഇന്ന് തുടക്കം

ടോക്കിയോ: തോമസ് കപ്പ് ചരിത്ര വിജയം, കോമൺവെൽത്ത് ഗെയിംസിൽ 3 സ്വർണ്ണ മെഡലുകൾ. ഈ വർഷം ലോക വേദിയിൽ രാജ്യത്തിന്‍റെ അഭിമാനകരമായ നേട്ടങ്ങളിലേക്ക് ഷട്ടിൽ പറത്തിയ ബാഡ്മിന്റൻ താരങ്ങൾ ഇപ്പോൾ മറ്റൊരു വലിയ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ജപ്പാനിലെ ടോക്കിയോയിൽ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ആരംഭിക്കുമ്പോൾ 26 ഇന്ത്യക്കാരാണ് മത്സരരംഗത്തുള്ളത്. ഇന്ന് രാവിലെ 5.30ന് മത്സരങ്ങൾ ആരംഭിച്ചു.

2011 മുതൽ കഴിഞ്ഞ ഒമ്പത് ലോക ചാംപ്യൻഷിപ്പിലും മെഡൽ നേടിയതിന്റെ റെക്കോർഡാണ് ഇന്ത്യയെ മോഹിപ്പിക്കുന്നത്. 2019 ൽ വനിതാ സിംഗിൾസ് ജേതാവായ പി വി സിന്ധുവാണ് ലോക ചാപ്യൻഷിപ്പിൽ രാജ്യത്തിന്റെ ഒരേയൊരു സ്വർണ ജേതാവ്. സിന്ധുവിന്‍റെ അഭാവം ഇത്തവണ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമടക്കം അഞ്ച് മെഡലുകൾ നേടിയ താരം കാൽക്കുഴയ്ക്കേറ്റ പരുക്കിനെത്തുടർന്നു പിൻ‌വാങ്ങുകയായിരുന്നു.
സിന്ധുവിന്‍റെ അഭാവത്തിൽ പുരുഷ സിംഗിൾസ് താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവും കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുമായ ലക്ഷ്യ സെൻ ആണ് റാങ്കിംഗിൽ മുന്നിൽ. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കിഡംബി ശ്രീകാന്തും ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച എച്ച് എസ് പ്രണോയിയും പുരുഷ സിംഗിൾസിൽ മത്സരിക്കും.