ലോകകപ്പ്; ദുബൈ മെട്രോ സമയം ദീർഘിപ്പിച്ചു
ദുബൈ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ദുബായ് മെട്രോയുടെ സമയം നീട്ടി. ഫാൻ സോണുകളിലും ഫാൻ ഫെസ്റ്റുകളിലും എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടിയത്. മത്സരം അവസാനിച്ച് 45 മിനിറ്റിന് ശേഷം മാത്രമേ അവസാന മെട്രോ സർവീസ് നടത്തുകയുള്ളൂ. ആയിരക്കണക്കിനാളുകളാണ് മത്സരം കാണാനായി ദുബായിലെ ഫാൻസ് സോണുകളിലേക്ക് ഒഴുകിയെത്തുന്നത്.
രാത്രി 11ന് തുടങ്ങുന്ന അവസാന മത്സരം സാധാരണ രീതിയിൽ അവസാനിക്കുന്നത് 12.45നാണ്. എന്നിരുന്നാലും, എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും പോകുന്ന മത്സരം 1.30 വരെ തുടരും. ഈ സാഹചര്യത്തിലാണ് മെട്രോ സമയം നീട്ടിയത്.
മത്സരത്തിന്‍റെ ദിവസങ്ങളിലാണ് സമയം നീട്ടിയത്. ഡിസംബർ 9, 10 തീയതികളിൽ പുലർച്ച അഞ്ചു മുതൽ രാത്രി 2.30 വരെ. ഡിസംബർ 13, 14 തീയതികളിൽ പുലർച്ച അഞ്ചു മുതൽ രാത്രി 2.30 വരെ. ഡിസംബർ 17ന് പുലർച്ച അഞ്ചു മുതൽ രാത്രി ഒന്നുവരെ. ഡിസംബർ 18ന് രാവിലെ എട്ടു മുതൽ രാത്രി 1 വരെ.