ലോക കാലാവസ്ഥ അപകടകരമായ നിലയിലേക്കെന്ന് ഗവേഷകർ
വാഷിംഗ്ടൺ: ആഗോളതലത്തിൽ താപനില ഉയരുകയാണ്. താപനിലയിലെ ഈ വർദ്ധനവോടെ ആഫ്രിക്കയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ആളുകൾ വലിയ പ്രതിസന്ധി നേരിടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും താപനില വർധനവ് ജനജീവിതം താറുമാറാക്കുന്നത് സൂചന മാത്രമാണെന്നും ഗവേഷകര്‍ നടത്തിയ പുതിയ പഠനം പറയുന്നു. നിലവിലെ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെങ്കിലും, ഇത് നിലവിൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രതയെ കുറക്കുന്നില്ലെന്നും ഗവേഷകർ പറഞ്ഞു.
മധ്യഅക്ഷാംശ മേഖല അഥവാ മിഡ് ലാറ്റിറ്റ്യൂഡ് മേഖലകളും സമാനമായി തന്നെ വലിയ പ്രതിസന്ധി നേരിടുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് പോലുള്ള രാജ്യങ്ങളിൽ, 2050 ഓടെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള താപ ബഹിർഗമനം ഇരട്ടിയാകുമെന്ന് ഗവേഷകർ പറയുന്നു. ഈ പുതിയ പഠനത്തിൽ, ഗവേഷകർ ലോകത്തിന്‍റെ സാമ്പത്തിക പ്രവർത്തനം, ഊർജ്ജ ഉപയോഗം, വികസന പ്രവർത്തനങ്ങൾ എന്നിവയുടെ വേഗതയും ജനസംഖ്യാ വളർച്ചയും കണക്കാക്കി ഭൂമിയുടെ ഭാവി താപനിലയെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. വാഷിംഗ്ടൺ സർവകലാശാലയിലെ കാലാവസ്ഥാശാസ്ത്ര വകുപ്പാണ് പുതിയ പഠനം തയ്യാറാക്കിയത്.