ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍
ദോഹ: 478 ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ബസ് ഡിപ്പോയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈതി നിർവഹിച്ചു.
ലുസൈൽ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ച അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയ്ക്ക് 400,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുണ്ട്. ബസ് ബേകൾക്ക് പുറമേ, 24 മൾട്ടി പർപ്പസ് കെട്ടിടങ്ങൾ, വിനോദ സംവിധാനങ്ങൾ, ഗ്രീസ് സ്പേസുകൾ, സബ് സ്റ്റേഷനുകൾ എന്നിവയുണ്ട്. 25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ച 11,000 സൗരോർജ പാനലുകളിൽ നിന്ന് നാല് മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാനാവും. ഡിപ്പോയിലെ കെട്ടിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് തന്നെ പൂർണ്ണമായും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഡിപ്പോയെ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. ആദ്യ സോണിൽ ഇലക്ട്രിക് ബസുകൾക്കായി 478 പാർക്കിംഗ് ബേകളുണ്ട്. 248 ചാർജിംഗ് ഉപകരണങ്ങളും ഇതിലുണ്ട്. അറ്റകുറ്റപ്പണികൾക്കും വാഹനങ്ങളുടെ പരിശോധനയ്ക്കും വാഹനങ്ങൾ കഴുകുന്നതിനും വാക്വം ചെയ്യുന്നതിനും പ്രത്യേക കെട്ടിടങ്ങളുണ്ട്.