ഹാജി അലി ദർഗയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം, മുംബൈയിലെ പ്രധാന പുണ്യസ്ഥലമായ ഹാജി അലി ദർഗയിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിക്കാൻ പദ്ധതി. പതാക അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ ദർഗ കമ്മിറ്റി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. 550 വർഷം പഴക്കമുള്ള ഹാജി അലി ദർഗയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ഹാജി അലി ദർഗ ട്രസ്റ്റി സൊഹൈൽ ഖണ്ഡ്വാനി പറഞ്ഞു. നിലവിൽ ഈജിപ്തിലെ കെയ്റോയിലാണ് (201.952 മീറ്റർ ഉയരം) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം.

“2014-2019 കാലഘട്ടത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഹാജി അലി ദർഗയിൽ ദേശീയപതാക ഉയർത്താൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കാനുള്ള നീക്കത്തെയും അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. ബുധനാഴ്ച ഞാൻ അദ്ദേഹത്തെ ഇക്കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയും ചെയ്തു”, ഹാജി അലി ദർഗ ട്രസ്റ്റി സൊഹൈൽ ഖണ്ഡ്വാന പറഞ്ഞു.