എഴുത്തുകാരനും പ്രസാധകനുമായ ടി.ജി ജേക്കബ് അന്തരിച്ചു

ഗൂഡല്ലൂര്‍: എഴുത്തുകാരനും പ്രസാധകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന ടി.ജി.ജേക്കബ് (തൊണ്ടാലില്‍ ഗീവർഗീസ് ജേക്കബ്-72) നിര്യാതനായി. ഗൂഡല്ലൂരിലെ ടി.കെ.പേട്ടിനു സമീപം കോല്ക്കാറി റോഡിൽ മുത്തമ്മില്‍ നഗറിലുള്ള വാടകവീട്ടിൽ ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 5.30-നാണ് അന്ത്യം. ഊട്ടിയിലെ പൈത്തൺ റോഡിലെ ഹാരിംഗ്ടൺ ഹൗസിലായിരുന്നു താമസം. ജേക്കബ് രണ്ട് വർഷം മുമ്പാണ് ഗൂഡല്ലൂരിലേക്ക് താമസം മാറിയത്. സി.പി.ഐ (എം.എൽ) സൈദ്ധാന്തിക പ്രസിദ്ധീകരണമായി മാറിയ ജെ.എൻ.യുവിലെ കമ്യൂണിസ്റ്റ് റിസർച്ച് സെന്‍ററിന്‍റെ ‘മാസ് ലൈൻ’ എഡിറ്ററായിരുന്നു അദ്ദേഹം. ഒഡീസി പബ്ലിക്കേഷൻസിന്‍റെ എഡിറ്ററും നീലഗിരിയിലെ സൗത്ത് ഏഷ്യൻ സ്റ്റഡി സെന്‍ററിൽ ഗവേഷകനുമായിരുന്നു. 1989-90 കാലഘട്ടത്തിൽ ചണ്ഡിഗഡിൽ നിന്ന് പ്രസിദ്ധീകരിച്ച ട്രൈബ്യണ്‍ ജേണലിൽ ന്യൂസ് അനലിസ്റ്റായി പ്രവർത്തിച്ചു.

‘കേരളം – പുത്തന്‍ കൊളോണിയല്‍പാതയിലുള്ള ഒരു പിന്നോക്ക സാമ്പത്തികാവസ്ഥ, ഇന്ത്യ – വികസനവും സ്വകാര്യവൽക്കരണവും, മദ്യ കേരളം, ‘റിഫ്‌ളക്ഷന്‍ ഓണ്‍ ദ് കാസ്റ്റ് ക്വസ്റ്റ്യന്‍: ദ് ദളിത് സിറ്റ്വേഷന്‍ ഇന്‍ സൗത്ത് ഇന്ത്യ,’ ലെഫറ്റ് ടു റൈറ്റ്; ഡിക്ലൈന്‍ ഓഫ് കമ്മ്യൂണിസം ഇന്‍ ഇന്ത്യ’ ഉൾപ്പെടെ 14 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

1951 മെയ് 21ന് അടൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും കോളേജ് പഠനവും പൂർത്തിയാക്കിയ ശേഷം 1974 ൽ കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 1975-76 ൽ ജെഎൻയുവിൽ ധനതത്ത്വശാസ്ത്രവിഭാഗത്തില്‍ പിഎച്ച്ഡിക്കായി ഗവേഷണത്തിലേര്‍പ്പെട്ട അദ്ദേഹം അവിടെ ‘കശ്മീര്‍ താഴ്‌വരയിലെ ഗ്രാമീണ വൈദ്യുതീകരണത്തിലെ ആഘാതങ്ങള്‍’ എന്ന വിഷയത്തിൽ നടത്തിയ പഠനം ശ്രദ്ധിക്കപ്പെട്ടു.