രണ്ട് വര്‍ഷത്തിനുശേഷം ഷി ജിന്‍പിങ് ചൈനയ്ക്ക് പുറത്തേക്ക്

ബെയ്ജിങ്: രണ്ട് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് രാജ്യത്തിന് പുറത്തേക്ക് പോകാനൊരുങ്ങുകയാണ്. ബുധനാഴ്ച കസാക്കിസ്ഥാൻ സന്ദർശിക്കുന്ന ചൈനീസ് പ്രസിഡന്‍റ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും.

കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഷീ ജിന്‍പിങ് ചൈനയ്ക്ക് പുറത്ത് യാത്ര ചെയ്യുന്നത്. പുടിനും ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് പുടിന്‍റെ വിദേശകാര്യ വക്താവ് യൂറി ഉഷകോവ് നേരത്തെ സൂചന നൽകിയിരുന്നു.

എന്നിരുന്നാലും, ഏതൊക്കെ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം യൂറോപ്യന്‍ രാജ്യങ്ങളേയും അമേരിക്കയും അകറ്റിയിട്ടുണ്ട്. തായ്‌വാനില്‍ ചൈന നടത്തുന്ന നീക്കങ്ങളും അമേരിക്ക വിമര്‍ശിച്ചിരുന്നു.