പഠനം പൂര്‍ത്തിയാക്കണം; യുക്രൈനില്‍നിന്ന് എത്തിയ മെഡിക്കൽ വിദ്യാർഥികൾ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം തേടി സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷനോട് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനയായ ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്‍റ്സ് ആൻഡ് പാരന്‍റ്സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. തങ്ങളുടെ തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ദേശീയ മെഡിക്കൽ കമ്മിഷന്‍റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമായിട്ടും മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിന് കമ്മീഷൻ നയമോ മാനദണ്ഡമോ തയ്യാറാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മടങ്ങിയെത്തുന്നവരെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷ, തമിഴ്നാട്, ജാർഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളും വിദ്യാർത്ഥികളെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിൽ നയമില്ലാത്തതിനാൽ തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.