‘അടിവസ്ത്രം ധരിക്കണം’; ക്യാബിൻ ക്രൂവിന് വിവാദ നിർദേശവുമായി പാകിസ്ഥാന്‍ എയര്‍ലൈന്‍സ്

ലാഹോര്‍: ക്യാബിൻ ക്രൂ അംഗങ്ങൾ യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കണം എന്ന വിവാദ നിർദേശവുമായി പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ്. ഈ നിർദ്ദേശം വിവാദങ്ങൾക്കും ട്രോളുകൾക്കും തിരികൊളുത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ പിഐഎ പുതിയ വിശദീകരണം പുറത്തുവിട്ടു.

യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കുന്നത് നിർബന്ധമാണെന്ന് കാണിച്ച് വ്യാഴാഴ്ചയാണ് പിഐഎ ജീവനക്കാർക്ക് സർക്കുലർ നൽകിയത്. ശരിയായ അടിവസ്ത്രങ്ങളുടെ അഭാവം വിമാനക്കമ്പനിക്ക് ചീത്തപ്പേരും മോശം പ്രതിച്ഛായയും ഉണ്ടാക്കുന്നുവെന്ന് പിഐഎ സർക്കുലറിൽ പറഞ്ഞു.

തീര്‍ത്തും അനുചിതമായ കാര്യമാണ് ഇതെന്ന് പല കോണുകളിൽ നിന്നും ഈ നിർദ്ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഈ തിരിച്ചടിയെത്തുടർന്നാണ് പിഐഎ ഉടൻ തന്നെ വിശദീകരണം ഇറക്കിയത്. “ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ ശരിയായ ഡ്രസ് കോഡ് ഉറപ്പാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇറക്കിയ ബുള്ളറ്റിനിൽ അശ്രദ്ധമായി, അനുചിതമായ വാക്കുകൾ ഉണ്ടായിരുന്നു” പിഐഎ യുടെ ചീഫ് എച്ച്ആർ ഓഫീസർ രേഖാമൂലമുള്ള വിശദീകരണത്തിൽ പറഞ്ഞു.