‘ഞങ്ങളുടെ കുട്ടികളെയും രക്ഷിച്ചു, നന്ദി’; മോദിയെ പുകഴ്‌ത്തി ഷെയ്ഖ് ഹസീന
ധാക്ക: യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചതിന് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സമയത്ത് അയൽരാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ ഇന്ത്യ തയ്യാറായതിനെയും അവർ അഭിനന്ദിച്ചു. തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കുന്നതിനു മുന്നോടിയായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രശംസ.
“റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു നാട്ടിൽ തിരികെ എത്താൻ കഴിയാതെ പോയ ഞങ്ങളുടെ വിദ്യാർഥികൾ പോളണ്ടിൽ അഭയം പ്രാപിച്ചു. അവിടെനിന്നും നിങ്ങളുടെ കുട്ടികൾക്കൊപ്പം ഞങ്ങളുടെ കുട്ടികളെയും ഒഴിപ്പിച്ചു. സൗഹൃദ പെരുമാറ്റമാണ് അവിടെ കണ്ടത്. പ്രധാനമന്ത്രി മോദിയോടു നന്ദി പറയുന്നു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അടുത്ത സഹകരണത്തിനാണ് ഊന്നൽ നൽകുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, അവ ചർച്ചയിലൂടെ പരിഹരിക്കാം. നിരവധി ഘട്ടങ്ങളിൽ ഇന്ത്യയും ബംഗ്ലദേശും അത് കൃത്യമായി നിർവഹിച്ചിട്ടുണ്ട്” ഷെയ്ഖ് ഹസീന പറഞ്ഞു.