യുവജനകമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയ സംഭവം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സതീശന്‍

തിരുവനന്തപുരം: സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോവുമ്പോൾ യുവജന കമ്മീഷൻ അധ്യക്ഷയായ ഒരു സി.പി.എം നേതാവിന്‍റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദരിദ്രരുടെ സാമൂഹ്യസുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തവിധം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അധാർമ്മിക നീക്കം. സർക്കാർ എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സർക്കാർ തന്നെയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സി.പി.എമ്മും ഓർക്കണം. ജനാധിപത്യ സംവിധാനത്തിൽ യജമാനൻമാരായ ജനങ്ങളെ സർക്കാരും സി.പി.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, തന്‍റെ ശമ്പളം ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചത് ഇപ്പോഴല്ലെന്നും 2018 മുതൽ തനിക്ക് ഈ ശമ്പളം ലഭിക്കുന്നുണ്ടെന്നും യുവജന കമ്മീഷൻ അംഗീകരിച്ച തുകയല്ലാതെ ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും ചിന്താ ജെറോം വിവാദത്തിൽ വ്യക്തമാക്കിയിരുന്നു. തന്‍റെ ശമ്പളം ഇപ്പോൾ ഇരട്ടിയാക്കി എന്ന് പറയുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.