തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെ ആരാണ് നൂലില്‍ കെട്ടി ഇറക്കിയത്; ചര്‍ച്ച ഇല്ലാതെ ഫിറോസിന് സീറ്റ് നല്‍കിയത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫിറോസിന് തവനൂരില്‍ സീറ്റ് നല്‍കിയതിലാണ് വിമര്‍ശനം. തവനൂരില്‍ ഫിറോസിനെ ആരാണ് നൂലില്‍ കെട്ടി ഇറക്കിയത് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യം.. ചര്‍ച്ച ഇല്ലാതെ ഫിറോസിന് സീറ്റ് നല്‍കിയത് ശരിയായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂര്‍ മണ്ഡലത്തില്‍ ഫിറോസിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് ചുക്കാന്‍ പിടിച്ചയാളുമായ ഇപി രാജീവാണ് വിമര്‍ശനം ഉന്നയിച്ചത്. ഫിറോസിന് സീറ്റ് നല്‍കിയതിനെ അനുകൂലിച്ചും ,എതിര്‍ത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നു. തവനൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെടി ജലീലിനെ പരാജയപ്പെടുത്താനായിരുന്നു ഫിറോസ് കുന്നുംപറമ്പിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുസ്ലിംലീഗുകാരനായ ഫിറോസ് എങ്ങനെ കോണ്‍ഗ്രസ് ടിക്കറ്റില്‍ തനിക്കെതിരെ മത്സരിച്ചുവെന്നു കെടി ജലീല്‍ ചോദ്യമുന്നയിച്ചിരുന്നു.