അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവഴിച്ച് യുവാക്കൾ; ഒടുവിൽ അറസ്റ്റ്
തൃശൂർ: ഒറ്റരാത്രി കൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 2.44 കോടി രൂപ. 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് വായ്പകൾ തിരിച്ചടച്ചും ഓൺലൈനിൽ വ്യാപാരം നടത്തിയും യുവാക്കൾ പണം ചെലവഴിച്ചു. സംഭവത്തെക്കുറിച്ച് ബാങ്ക് അറിഞ്ഞപ്പോഴേക്കും അക്കൗണ്ടിൽ ഒരു രൂപ പോലും അവശേഷിച്ചിരുന്നില്ല. തുടർന്ന് ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശൂർ അരിമ്പൂർ സ്വദേശികളായ നിഥിൻ, മനു എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സംഭവം. യുവാക്കൾ വർഷങ്ങളായി ഓൺലൈനിൽ വ്യാപാരം നടത്തുന്നവരാണ്. ഇവരിൽ ഒരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനാണ്. സ്വകാര്യ ബാങ്കിന്‍റെ സെർവർ ലയന നടപടികൾ നടന്ന സമയത്ത് 2.44 കോടി രൂപ അബദ്ധത്തിൽ യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇത്തരം സംഭവങ്ങൾ അപൂർവമായി സംഭവിക്കാറുണ്ടെങ്കിലും, ഭൂരിഭാഗം ആളുകളും ബാങ്കിനെ അറിയിക്കുകയും തെറ്റ് തിരുത്തുകയും ചെയ്യും.
എന്നിരുന്നാലും, രണ്ട് യുവാക്കളും ഒരുമിച്ച് ആദ്യം ചെയ്തത് അവരുടെ പേരിലുള്ള വ്യക്തിഗത വായ്പകൾ അടയ്ക്കുക എന്നതായിരുന്നു. ഇതിനുശേഷം, ഇരുവരും ആപ്പിൾ ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡലിൽ നിന്ന് 4 ഫോണുകൾ വാങ്ങി. അടുത്ത കമ്പം ഓഹരി വിപണിയിലായിരുന്നു. ബാങ്ക് പണം തിരികെ എടുക്കുന്നതിന് മുമ്പ് ഇരുവരും മത്സരിച്ച് പണം ചെലവഴിക്കുകയായിരുന്നു.