പിരിച്ചു വിടൽ പാതയിൽ സൊമാറ്റോയും; പുറത്താക്കുക 4% പേരെ
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. മൊത്തം തൊഴിലാളികളുടെ 4% പേരെ പിരിച്ചുവിടാനാണ് പദ്ധതി. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ.
4.5 വർഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകൻ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടുന്നതായി കമ്പനി അറിയിച്ചത്. ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2020 മെയ് മാസത്തിൽ 520 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ലോക്ക് ഡൗൺ മൂലമായിരുന്നു അത്. നേരത്തെ, 2015 ൽ സൊമാറ്റോ 300 ഓളം ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു.
സൊമാറ്റോയുടെ അറ്റനഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 429.6 കോടി രൂപയിൽ നിന്ന് സെപ്റ്റംബർ പാദത്തിൽ 251 കോടി രൂപയായി കുറഞ്ഞു. വാർഷിക വരുമാനത്തിൽ ബില്യൺ ഡോളർ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, വരുമാനം 62.2 ശതമാനം ഉയർന്ന് 1024 കോടിയിൽ നിന്ന് 1661 കോടി രൂപയായി.