ലയനം വഴി യുഎസ് ഓഹരി വിപണിയിലേക്ക് കടക്കാൻ സൂംകാർ
ബെംഗളൂരു ആസ്ഥാനമായുള്ള സൂംകാർ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. സ്പെഷ്യൽ പർപ്പസ് അക്വസിഷൻ കമ്പനി(എസ്പിഎസി) വഴി നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. ഇതിന്‍റെ ഭാഗമായി സൂംകാറിനെ കഴിഞ്ഞ വർഷം ലിസ്റ്റ് ചെയ്ത ഇന്നൊവേറ്റീവ് ഇന്‍റർനാഷണൽ അക്വിസിഷൻ കോർപ്പറേഷനുമായി ലയിപ്പിക്കും.
ഫണ്ട് സ്വരൂപിക്കുന്നതിനോ ഭാവിയിൽ ഏതെങ്കിലും കമ്പനികളെ ലയിപ്പിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഐപിഒ നടത്തുന്ന ബിസിനസുകളില്ലാത്ത (ബ്ലാങ്ക്-ചെക്ക് ഫേം) സ്ഥാപനങ്ങളാണ് എസ്പിഎസികൾ. ലയനത്തിന് ശേഷം, കമ്പനിയെ സൂംകാർ ഹോൾഡിംഗ്സ് ഇൻകോർപ്പറേഷൻ എന്ന പേരിലാണ് ലിസ്റ്റ് ചെയ്യുക. 2021 നവംബറിൽ സീരീസ് ഇ ഫണ്ടിംഗിലൂടെ സൂംകാർ 92 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു.
സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ കാറുകൾ വാടകയ്ക്ക് നൽകാൻ അവസരമൊരുക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് സൂംകാർ. ഇന്ത്യയ്ക്ക് പുറമെ വിയറ്റ്നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ 50 നഗരങ്ങളിലും സൂംകാർ പ്രവർത്തിക്കുന്നുണ്ട്. 2013 ൽ പ്രവർത്തനം ആരംഭിച്ച സൂംകാറിന്‍റെ പ്ലാറ്റ്ഫോമിൽ 25,000 ലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ലെ ഐപിഒയിലൂടെ ഇന്നൊവേറ്റീവ് ഇന്‍റർനാഷണൽ 230 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു.