ജൈടെക്സ് ടെക് വിസ്മയം​ ഇന്ന് മുതൽ ദുബായിൽ

ദുബായ്: ലോകത്തെ ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ്) തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിക്കും. കേരളത്തിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇരുന്നൂറോളം കമ്പനികൾ ഉൾപ്പെടെ അയ്യായിരത്തോളം സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

20 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 26 ഹാളുകളിലായാണ് പരിപാടി നടക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണ് ഇത്തവണത്തെ ഏരിയ. ദുബായിലെ വിവിധ സർക്കാർ വകുപ്പുകൾ, സാങ്കേതിക വിദഗ്ധർ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം അണിനിരക്കും. 170 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ പ്രതീക്ഷിക്കുന്ന ജൈടെക്സിൽ 90 ലധികം രാജ്യങ്ങളുടെ പവലിയനുണ്ടാകും. 42-ാമത് എഡിഷന്റെ പ്രമേയം ‘എന്‍റർ ദി നെക്സ്റ്റ്​ ഡിജിറ്റൽ യൂണിവേഴ്​സ്’​ എന്നതാണ്.

ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ മെറ്റാവേഴ്സിന്‍റെ പുതിയ രൂപങ്ങൾ ഇവിടെ കാണാം. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഓഗ്മെന്‍റഡ് റിയാലിറ്റി, റിമോട്ട് വർക്ക് ആപ്പ്, ഡിജിറ്റൽ ഇക്കോണമി, ക്രിപ്റ്റോകറൻസി, കോഡിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടുത്തങ്ങൾ ഇവിടെ ഉണ്ടാകും. ഭാവി വാഹനങ്ങളായി കണക്കാക്കപ്പെടുന്ന ഡ്രൈവറില്ലാ കാർ, പറക്കും കാർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയും പ്രദർശനത്തിൽ ഉണ്ടാവും. gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ വാങ്ങി പ്രവേശിക്കാം. 220 മുതലാണ് ടിക്കറ്റ് നിരക്ക്.