Latestകേരളം

മാസപ്പടി കേസ്, വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ ദ്രുതഗതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്. ഇ ഡിയുടെ കത്തില്‍ വിജിലന്‍സ് പരിശോധന നടത്തും. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടർ മനോജ് ഏബ്രഹാം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇഡിയുടെ കത്ത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.

സൂക്ഷ്മതയോടെ എഫ്‌ഐആര്‍ തയ്യാറാക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എഫ്‌ഐആറില്‍ പിഴവ് സംഭവിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാകും വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്നോ തിങ്കളാഴ്ചയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ടി വീണ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുക്കുക. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉള്‍പ്പെടെ സര്‍ക്കാരിനും, കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് എല്‍ഡിഎഫിനും തിരിച്ചടിയാണ്.