സിഎംആർഎൽ–എക്സാലോജിക് കേസ്: വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. കേസിൽ അന്വേഷണ നടപടികൾ തടഞ്ഞ ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച്, തുടർപരിഗണനയ്ക്കായി ഹർജി വീണ്ടും കേരള ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
ഹൈക്കോടതി നടപടികൾക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും അതിരൂക്ഷമായ വിമർശനങ്ങളാണ് സുപ്രീം കോടതി നടത്തിയത്. ഹൈക്കോടതിയിൽ അപ്പീൽ കൃത്യമായി പരിഗണിക്കാതിരുന്നതിനെ ബെഞ്ച് ചോദ്യം ചെയ്തു. ആരോപണവിധേയരായ കക്ഷികളുടെ വാദം കേൾക്കാതെ എന്തിനാണ് ഹർജി തിടുക്കപ്പെട്ട് തള്ളിയതെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു. സ്വാഭാവിക നീതിയുടെ ലംഘനമാണ് അവിടെ നടന്നതെന്നും ആരോപണവിധേയർക്ക് പറയാനുള്ളത് കേൾക്കാനുള്ള ബാധ്യത കോടതികൾക്കുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
