17 നിലകളുള്ള പാർപ്പിട സമുച്ചയത്തിന്റെ ടെറസില്‍നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് 55-കാരൻ മരിച്ചു
മുംബൈ ചുനാഭട്ടിയില്‍ 17 നിലകളുള്ള പാർപ്പിട സമുച്ചയത്തിന്റെ ടെറസില്‍നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് 55-കാരൻ മരിച്ചു.വെള്ളിയാഴ്ച പുലർച്ചെ ചുനാഭട്ടി ഖുറേഷി നഗറിലെ ‘ഗാലക്സി അപ്പാർട്ട്മെന്റിലാണ്’ ദാരുണമായ സംഭവം നടന്നത്. അബ്ദുള്‍ വഹാബ് എന്നയാളാണ് മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുള്ള കൈവരിയുടെ പ്ലാസ്റ്ററിങ്ങിന്റെ വലിയൊരു ഭാഗം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന അബ്ദുള്‍ വഹാബിന്റെ തലയിലേക്കാണ് കോണ്‍ക്രീറ്റ് കഷ്ണം വീണത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപവാസികള്‍ ചേർന്ന് സ്വകാര്യ വാഹനത്തില്‍ സിയോണിലെ കോർപ്പറേഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
അപകടാവസ്ഥയില്‍ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നിരുന്ന ബാക്കി കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. അപകടം നടന്ന പ്രദേശം പൂർണ്ണമായും ബാരിക്കേഡുകള്‍ വെച്ച് കെട്ടിയടച്ചു. കെട്ടിടത്തിന്റെ പഴക്കവും അറ്റകുറ്റപ്പണികളിലെ വീഴ്ചയുമാണോ അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
