നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ
തലശ്ശേരി: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ എം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഞായറാഴ്ച കര്‍ണാടകയിലെ കുടകില്‍ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്.
അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്.
