പാലക്കാട് ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ ഉണ്ടായിരുന്ന 12 കാരി ഫിയാ ഫാത്തിമയാണ് മരിച്ചത്. അഞ്ച് പേരാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. ഫിയാ ഫാത്തിമയുടെ പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33), 2 സഹോദരങ്ങൾ ഉൾപ്പെടെയാണ് ഒരു സ്‌കൂട്ടറിൽ യാത്ര ചെയ്തത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ 12 കാരി മരണപ്പെട്ടു. പരിക്കേറ്റവരെ കണ്ണിയംപുറത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
