പാനൂരിൽ കെ.എസ്.ഇ.ബി കമ്പികൾ മോഷ്ടിച്ച രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ
പാനൂർ : കരാർ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന കെ.എസ്.ഇ.ബിയുടെ എ.സി.എസ്.ആർ അലൂമിനിയം കമ്പികൾ മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികളെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ബെല്ലാൾ ഹുസൈൻ, റാഹം അലി എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പത്തായക്കുന്നിൽ നിന്ന് പിടികൂടിയത്.
കൂരാറ ആറ്റുപുറം ട്രാൻസ്ഫോമറിന്റെ പ്രവൃത്തി പൂർത്തിയാക്കിയ ശേഷം കെ.എസ്.ഇ.ബിക്ക് തിരികെ കൈമാറാനായി സൂക്ഷിച്ചിരുന്ന കമ്പികളാണ് മോഷണം പോയത്. കൂരാറയിലെ കരാർ തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം 30,000 രൂപ വിലവരുന്ന കമ്പികൾ തിങ്കളാഴ്ച പുലർച്ചെ 5.45ഓടെയാണ് പ്രതികൾ മോഷ്ടിച്ചത്.
മോഷ്ടിച്ച കമ്പികളുമായി സൈക്കിളിൽ പത്തായക്കുന്ന് കൊങ്കൊച്ചി ഭാഗത്തുകൂടി പോകുന്നത് കണ്ട നാട്ടുകാർ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സൈക്കിൾ ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെട്ടു.
കരാർ കമ്പനി മാനേജരും കണ്ണൂർ നടാൽ സ്വദേശിയുമായ പ്രണവത്തിൽ ഗണേഷിന്റെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പാനൂർ എസ്.ഐമാരായ മുഹമ്മദ് സജീർ, മരിയ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 10.30ഓടെ പ്രതികളെ താമസസ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
