Latestകണ്ണൂര്‍കേരളം

പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരൻ മരിച്ചു

​ പിലാത്തറ: പിലാത്തറ സ്റ്റീൽ ലൈനിന് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ.പി. അജ്നാസ് (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6:50-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.

പിലാത്തറയിൽ നിന്നും മാതമംഗലത്തേക്ക് സ്കൂട്ടിയിൽ പോകുകയായിരുന്നു അജ്നാസ്. മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി സ്കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്നാസിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​ബൈക്ക് യാത്രക്കാരനായ കണ്ടോന്താർ സ്വദേശി മോഹനന് (54) അപകടത്തിൽ പരിക്കേറ്റു. ഇദ്ദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

​പിലാത്തറ മർവ്വ ട്രാവൽസ് ഉടമ എം.കെ. ഗഫൂറിന്റെയും കെ.പി. റുബൈലയുടെയും മകനാണ് അന്തരിച്ച അജ്നാസ്. ​സഹോദരങ്ങൾ: റബിയ, അഫ്നാൻ. മൃതദേഹം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12:30-ന് പിലാത്തറ ഭാരത് റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണിയറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.