Latestകേരളം

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍. സമന്‍സുമായെത്തിയ ഉദ്യോഗസ്ഥര്‍ വീടിന്റെ ഭിത്തിയില്‍ സമന്‍സ് പതിച്ചു. വെള്ളിയാഴ്ച ഹാജരകാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയപ്പോള്‍ പിണറായി വിജയന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് പതിച്ചത് അന്യായമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വെള്ളിയാഴ്ച ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ലെന്നാണ് വിവരം. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇഡിക്ക് മറുപടി നല്‍കാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നീക്കങ്ങളും ഇഡിയെ അറിയിച്ചേക്കും .

കേസില്‍ പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സമന്‍സ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലെത്താനാണ് പിണറായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എലുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത പുതിയ ഇസിഐആര്‍ പ്രകാരമാണ് മുന്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് സ്‌പെ്ഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുമെന്നാണ് വിവരം