Latestദേശീയം

കഴുത്തുവേദനയ്ക്ക് ഇലക്‌ട്രിക് ഹോട്ട് ബാഗ് വെച്ച്‌ ഉറങ്ങി; ഷോക്കേറ്റ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

പൂനെ : കഴുത്തുവേദനയ്ക്ക് ആശ്വാസം ലഭിക്കാനായി ഇലക്‌ട്രിക് ഹോട്ട് വാട്ടർ ബാഗ് കഴുത്തില്‍ വെച്ച്‌ ഉറങ്ങിയ യുവാവിന് ദാരുണാന്ത്യം.വൈദ്യുതാഘാതമേറ്റ് 30-കാരനായ ഐ.ടി എഞ്ചിനീയറാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ വഡ്ഗാവ് ഷേരിയിലെ സോംനാഥ് നഗർ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൂനെയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ റോഹൻ കുബാഡിയാണ് മരിച്ചത്.കഴിഞ്ഞ മൂന്ന് മാസമായി സോംനാഥ് നഗറിലെ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവിവാഹിതനായ റോഹൻ. രണ്ടു ദിവസമായി മുറി തുറക്കാതിരിക്കുകയും പുറത്തുകാണാതിരിക്കുകയും ചെയ്തതോടെ അയല്‍ക്കാർക്കും വീട്ടുടമസ്ഥനും സംശയം തോന്നി.

തുടർന്ന് ഫോണില്‍ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ അപ്പാർട്ട്മെന്റില്‍ നിന്നും കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഉടമസ്ഥൻ വിവരമറിയിച്ചതനുസരിച്ച്‌ ചന്ദൻ നഗർ പോലീസ് സ്ഥലത്തെത്തി മുറി തുറക്കുകയായിരുന്നു.കട്ടിലില്‍ ജീർണിച്ച അവസ്ഥയിലാണ് റോഹന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് താഴെയായി ഇലക്‌ട്രിക് ഹോട്ട് ബാഗ് വെച്ച നിലയിലായിരുന്നു. ഉറക്കത്തിനിടെ ഇലക്‌ട്രിക് ഹോട്ട് ബാഗില്‍ നിന്നും അപ്രതീക്ഷിതമായി ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.