സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ ഝാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് എന്നിവയ്ക്ക് മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുകയാണ്. ഇത് ഝാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും തുടർന്ന് ശക്തി കുറഞ്ഞ് ന്യൂനമർദ്ദ മേഖലയായി മാറാനും സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 23 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
