ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം- റെഡ് അലര്‍ട്ട്
കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ എല്ലാ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് (20/08/2026) വൈകുന്നേരം 05.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
