Latestകേരളം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയർ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ. 20 ലക്ഷം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്.

കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെയും സുധാകരന്റെ മക്കളുടെയും ഉള്‍പ്പടെ ആവശ്യം.