Latestകേരളം

സർക്കാർ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ ചികിത്സ; ജനറേറ്റർ തകരാറെന്ന് വിശദീകരണം

തിരുവനന്തപുരം: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലാണ് മൊബൈൽ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയത്. രോഗിയുടെ മുറിവ് വച്ച് കെട്ടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ പൂർത്തിയാക്കിയ ശേഷം മുറിവ് വെച്ചുകെട്ടാൻ പാലോട് സി എച്ച് സിയിൽ എത്തിയതായിരുന്നു വിതുര സ്വദേശി.

സംഭവത്തിൽ നിലവിൽ രോഗിക്ക് പരാതിയില്ല. സാങ്കേതിക പ്രശ്നങ്ങൾ മൂലം വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ ജനറേറ്റർ കൂടി കേടായതോടെയാണ് മൊബൈയിൽ ടോർച്ച് വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകേണ്ടി വന്നത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ജനറേറ്ററിന് സംഭവിച്ച കേടുപാട്, കാലപ്പഴക്കം എന്നിവയിൽ അന്വേഷണം നടന്നേക്കും. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആരോഗ്യവകുപ്പിന് വീണ്ടും നാണക്കേടായിരിക്കുകയാണ്.