Latestകേരളം

ഒരു കുടുംബത്തിന് 25 ലക്ഷത്തിന്റെ കവറേജ്, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം സംസ്ഥാനത്ത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച്‌ യു.ഡി.എഫ് സർക്കാർ.വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കില്‍ കവറേജ് നല്‍കും.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കേരളത്തിന്റെ ആരോഗ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാരുടെ കണ്ണീരൊപ്പിയ പദ്ധതിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ.

ആ കാരുണ്യത്തിന്റെ സ്മരണകളെ വീണ്ടും ഉണർത്തിക്കൊണ്ടാണ് യുഡിഎഫ് പുതിയ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്. വോട്ടർമാർക്കിടയില്‍ ഇത് വലിയ ചർച്ചയായിരുന്നു. സാധാരണക്കാരുടെ ചികിത്സാച്ചെലവുകള്‍ക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.