Latestകേരളം

മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്സില്‍  ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യുവതിയുടെ യാത്ര , ചോദ്യം ചെയ്ത  ടിടിഇയെ മര്‍ദ്ദിച്ചെന്ന് പരാതി

ഷൊർണൂർ: ട്രെയിനിനുള്ളില്‍ ടിടിഇ ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. പട്ടിത്തറ സ്വദേശിനി ശ്രുതി(30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ ടീമിലെ ടിടിഇ എസ് സുജിത്(38) പരാതി നല്‍കിയത്. മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്സില്‍ ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി.

തിങ്കളാഴ്ച രാത്രി ഏഴരയോടെ ഫറോക്കില്‍ വെച്ചാണ് സംഭവം. ഫറോക്കില്‍ നിന്നും കുറ്റിപ്പുറത്തേക്ക് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റെടുത്ത യുവതി റിസര്‍വേഷന്‍ കോച്ചില്‍ കയറി ഇരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെ പാലക്കാട് ഡിവിഷനിലെ ടി ടി ഇ സുജിത്ത് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. യുവതിയോട് ഇത് റിസര്‍വേഷന്‍ കോച്ചാണെന്നും ജനറല്‍ കോച്ചിലേക്ക് മാറി ഇരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവതി തര്‍ക്കിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

ജോലി തടസ്സപ്പെടുത്തിയെന്നും മുഖത്ത് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ഷൊര്‍ണ്ണൂര്‍ റെയില്‍വെ പൊലീസില്‍ ടി ടി ഇ പരാതി നല്‍കുകയായിരുന്നു. ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടി ടി ഇ അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി യുവതിയും ഷൊര്‍ണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.