Latestകേരളം

സർക്കാർ ആശുപത്രികളില്‍ ഡോക്ടറെ കാണുന്നതിന് വരി നിന്ന് ചീട്ടെടുക്കേണ്ട; പകരം ഇ-ഹെല്‍ത്ത് കാർഡ് മതി.

തൊടുപുഴ:സർക്കാർ ആശുപത്രികളില്‍ ഡോക്ടറെ കാണുന്നതിന് ഇനി പഴയപോലെ വരി നിന്ന് ചീട്ടെടുക്കേണ്ട, പകരം ഇ-ഹെല്‍ത്ത് കാർഡ് മതി.രോഗികളുടെ ചികിത്സാവിവരങ്ങള്‍ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന ഇ-ഹെല്‍ത്ത് കാർഡ് (യു.എച്ച്‌.ഐ.ഡി) പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 22 ആരോഗ്യകേന്ദ്രങ്ങളില്‍ പദ്ധതി പൂർണമായും യാഥാർത്ഥ്യമായി. ഇവിടങ്ങളില്‍ കാർഡ് വഴി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണ്‍ പ്രിന്റ് എടുത്താല്‍ നേരിട്ട് ഡോക്ടറെ കാണാനാകും.

ഇതില്ലെങ്കില്‍ റിസപ്ഷനില്‍ നിന്ന് പ്രിന്റ് വാങ്ങിയും ഡോക്ടറെ കാണാം. ഈ സമയം നോക്കി രോഗിയ്ക്ക് ആശുപത്രിയില്‍ എത്തിയാല്‍ മതിയാകും. ഫാമിലി ഹെല്‍ത്ത് സെന്ററുകളിലാണ് യുണീക് ഹെല്‍ത്ത് ഐഡന്റിറ്റി കാർഡ് കൂടുതലും നടപ്പിലാക്കിയിരിക്കുന്നത്. ഈ ആശുപത്രികളിലെത്തുന്ന മുഴുവൻ ആളുകള്‍ക്കും ചികിത്സയ്ക്കായി ഹെല്‍ത്ത് കാർഡ് ആവശ്യമാണ്. ആധാർ നമ്ബർ നല്‍കിയാല്‍ കാർഡ് എടുക്കാം. ജില്ലയില്‍ ഇതുവരെ 7.8 ലക്ഷം പേർ യു.എച്ച്‌.ഐ.ഡി കാർഡ് എടുത്ത് കഴിഞ്ഞു. ഇതില്‍ 16026 പേർ ഓണ്‍ലൈൻ വഴിയാണ് എടുത്തിരിക്കുന്നത്. ഇതിന് പുറമേ നെടുങ്കണ്ടം താലൂക്ക് ആശുപത്രി റിസപ്ഷനിലും ഓണ്‍ലൈൻ സംവിധാനമൊരുക്കിയിട്ടുണ്ട്.