ദിലീപ് ചിത്രം നീക്കത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ :ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി.നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ മദ്ധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കുന്നതുവരെ ഹർജിക്കാരന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് റിലീസ് തടഞ്ഞതെന്ന് കോടതി വ്യക്തമാക്കി.
ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് ഹർജിയിലേയ്ക്ക് നയിച്ചത്. നിർമാണ കരാർ ലംഘിച്ചുവെന്നും സന്ദീപ് നല്‍കിയ ചെക്ക് മടങ്ങിയെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറില്‍ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് ‘നീക്കം’ നിർമിക്കുന്നത്.
നവാഗതനായ വിബിൻ ബാലചന്ദ്രൻ ആണ് രചന നിർവഹിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ഇതിവൃത്തം. ബിനു പപ്പു, അശോകൻ, കലാഭവൻ ഷാജോണ്‍, സിദ്ധിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
