തമിഴ്നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
തമിഴ്നാട്ടിലെ മനോന്മണീയം സുന്ദരനാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ തമിഴ്നാട് ഗവർണർ ആർ എൻ രവിയില്‍ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച ഗവേഷക വിദ്യാർത്ഥിനി ജീൻ ജോസഫിൻ്റെ നടപടിയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഭരണഘടന പദവികള്‍ വഹിക്കുന്നവർ വരുത്തുന്ന വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മാന്യമായ രീതിയില്‍ തന്റെ പ്രതിഷേധം വ്യക്തമാക്കിയ വിദ്യാർഥിയുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം,
മനോന്മണീയം സുന്ദരനാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ തമിഴ്നാട് ഗവർണറില്‍ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച ഗവേഷക വിദ്യാർത്ഥിനി ജീൻ ജോസഫിൻ്റെ നടപടി ഏറെ പ്രശംസ അർഹിക്കുന്നതാണ്.
തൻ്റെ പ്രതിഷേധം മാന്യമായ രീതിയില്‍ രേഖപ്പെടുത്തിയ ഈ വിദ്യാർത്ഥിനിയുടെ ധീരമായ നിലപാട് ഒരുപാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. യുവതലമുറ അവരുടെ നിലപാടുകളും രാഷ്ട്രീയവും വ്യക്തമാക്കാൻ മടി കാണിക്കുന്നില്ല എന്നതിൻ്റെ ഉദാഹരണമാണിത്.
ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവർക്ക് ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവർ വരുത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
ജീൻ ജോസഫിനെപ്പോലുള്ള വിദ്യാർത്ഥിനികള്‍ ഉയർത്തുന്ന ഇത്തരം തിരുത്തലുകള്‍ ജനാധിപത്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ വിദ്യാർത്ഥിനിയുടെ ധീരമായ നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു.തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥിതി ചെയ്യുന്ന മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റിയിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. ഓരോരുത്തരായി ഗവർണറില്‍ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെ ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നില്ക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്ക് ജീൻ ജോസഫ് നീങ്ങുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ ദൃശ്യമാണ്. ഗവർണറില്‍ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് ചെവിക്കൊള്ളാതെയാണ് വിദ്യാർഥിനിയുടെ നടപടി. വേണ്ട എന്ന രീതിയില്‍ തലയാട്ടി വൈസ് ചാൻസലറില്‍ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പെണ്‍കുട്ടി സ്റ്റേജ് വിട്ടുപോകുകയായിരുന്നു.
