Latestദേശീയം

മുംബൈയില്‍ കുട്ടികളെ ബന്ദികളാക്കിയ നാഗ്പൂര്‍ സ്വദേശി പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

മുംബൈയില്‍ 19 കുട്ടികളെ ബന്ദികളാക്കിയ യുവാവ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കുട്ടികളെയെല്ലാം രക്ഷിച്ചു.സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ട്. ഇയാളില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആദ്യം വ്യക്തമാക്കിയെങ്കിലും വെടിയേറ്റ കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

പവായ് മേഖലയില്‍ 19 സ്‌കൂള്‍ കുട്ടികളെ ബന്ദിയാക്കിയ രോഹിത് ആര്യ ആണ് പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസിന് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ ഇയാള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് പൊലീസ് തിരികെ വെടിവെച്ചത്. വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ രോഹിത് പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാള്‍ നാഗ്പൂര്‍ സ്വദേശിയാണെന്നും മുംബൈയില്‍ ചെമ്ബൂരാണ് താമസമെന്നുമാണ് വിവരങ്ങള്‍.

പവായ് ഏരിയയില്‍ ആക്ടിങ് കോച്ചിങ് സെന്റര്‍ കൂടിയായ ആര്‍ എ സ്റ്റുഡിയോയില്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അഭിനയ ക്യാംപില്‍ ഓഡിഷന് പോയ 19 കുട്ടികളെയാണ് രോഹിത് ആര്യ ബന്ദിയാക്കിയത്. സംഭവം അറിഞ്ഞയുടന്‍ മുംബൈ പൊലീസ്, ബോംബ് സ്‌ക്വാഡ്, പ്രത്യേക ദൗത്യസേന എന്നിവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബന്ദിയാക്കലിന് മുന്‍പായി രോഹിത് ആര്യ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. താന്‍ ആത്മഹത്യ ചെയ്യുന്നതിന് പകരം ഒരു പദ്ധതി ആസൂത്രണം ചെയ്‌തെന്നും അതിന്റെ ഭാഗമായി കുട്ടികളെ ബന്ദിയാക്കിയെന്നുമാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടത്.

സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സ്വയം തീകൊളുത്തുമെന്നും കുട്ടികളെ ഉപദ്രവിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. അതേസമയം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ ലഭിച്ചെങ്കിലും ഒരു കോടിയോളം രൂപ ലഭിക്കാന്‍ ഉണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.