Latestദേശീയം

കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ വിജയ് സര്‍ക്കാറിന് ആശ്വാസം. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജോലി നല്‍കുന്നതിനെ എങ്ങനെ ചോദ്യം ചെയ്യുമെന്നും കുടുംബത്തിലെ ഏക ആശ്രയമാണ് മരിച്ചതെങ്കില്‍ സര്‍ക്കാര്‍ സഹായിക്കേണ്ടേ എന്നും ചോദിച്ച കോടതി, കോടതിയില്‍ രാഷ്ട്രീയം കളിക്കരുതെന്നും ആഞ്ഞടിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ നിയമനം ചോദ്യം ചെയ്യാനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ മരിച്ചവരുടെ കുടുംബങ്ങളും നിയമനത്തിന് കാത്തിരിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഭരണപരമായ അധികാരങ്ങള്‍ ഭരണഘടനാപരമായ പരിധിക്കുള്ളില്‍ ആയിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.