ബസ് തടഞ്ഞ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ആര്യയെയും ഭര്‍ത്താവിനെയും ഒഴിവാക്കി
കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും ബാലുശേരി എംഎല്‍എയുമായ കെ.എം.സച്ചിൻദേവ്, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണു നിലവില്‍ കേസിലെ പ്രതി.
യദു നല്കിയ സ്വകാര്യ ഹർജി പരിഗണിച്ചാണു കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത്. തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില്‍ 27 നു രാത്രി പാളയം സാഫല്യം കോംപ്ലക്സിനു മുന്നില്‍ വച്ച് മേയറും ഭർത്താവും അടക്കമുള്ളവർ ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായി.
പ്ലാമൂട് ജംഗ്ഷനില്‍ വച്ച് മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിനു സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു അത്. മേയറെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മേയറുടെ പരാതിയില്‍ യദുവിനെതിരേയും കേസുണ്ട്.
