സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ തടഞ്ഞുവച്ച മലയാളിയായ അനില്‍കുമാർ രവീന്ദ്രനെ മോചിപ്പിച്ചു
സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ തടഞ്ഞുവച്ച മലയാളിയായ അനില്‍കുമാർ രവീന്ദ്രനെ മോചിപ്പിച്ചു.ആലപ്പുഴ കായംകുളം സ്വദേശിയാണ്. അനില്‍കുമാർ രവീന്ദ്രനെ മസ്കറ്റില്‍ എത്തിച്ചു. ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മോചനത്തിന് വേണ്ടിയുള്ള ഇടപടലിന് ഒമാൻ സുല്‍ത്താന് ഇന്ത്യ നന്ദി അറിയിച്ചു. ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനില്‍കുമാർ രവീന്ദ്രൻ. കപ്പപ്പിലെ മറ്റ് 10 പേരെയും മോചിപ്പിച്ചു.
താന്‍ യെമനിലുണ്ടെന്ന് അനില്‍ കുമാർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും പറയാതെ വേഗത്തില്‍ ഫോണ്‍ വെച്ചെന്നും കുടുംബം പറഞ്ഞിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്‍റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു. ഗ്രീക്ക് കമ്ബനിയുടെ ലൈബീരിയന്‍ റജിസ്ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാർ ഉള്‍പ്പെടെ 30 ഓളം ജീവനക്കാർ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പലില്‍ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേർ കപ്പലില്‍ വച്ച് തന്നെ മരണപ്പെട്ടിരുന്നു. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായാണ് ഏറ്റേണിറ്റി-സിക്കെതിരെയുള്ള ആക്രമണത്തെ കരുതുന്നത്.
