എസ്.ഐ.ആര്‍: പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ
എസ്.ഐ.ആര് കരട് വോട്ടര് പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചു തുടങ്ങി.ജനുവരി 22 വരെ എതിര്പ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാന് അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും, പരിശോധനകളും നടക്കും.
പരാതികളില് വിശദമായ വാദം കേട്ട് തെറ്റുകള് തിരുത്തിയതിന് ശേഷം ഫെബ്രുവരി 21നാണ് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിക്കുക.
പട്ടികയില് നിന്ന് പുറത്തായവര് പുതിയ വോട്ടറായാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷ നല്കേണ്ടത് ഫോം ആറ് വഴിയാണ് . ഇവര്ക്ക് പുതിയ വോട്ടര് നമ്ബറാണ് ലഭിക്കുക. നേരത്തെ വോട്ട് ചെയ്ത് വന്നവരാണെങ്കിലും ഇനി മുതല് പുതിയ നമ്ബറാണ് ലഭിക്കുക.
ആകെയുള്ള 2.78 കോടി വോട്ടര്മാരില് 24,08,503 വോട്ടര്മാര് പട്ടികയ്ക്ക് പുറത്താണ്. കരട് പട്ടികയുടെ വിശദാംശങ്ങള് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയില് ഉള്പ്പെടാത്തവര്ക്ക് പേര് പുതുതായി ചേര്ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമര്പ്പിച്ച് പട്ടികയില് ഇടം നേടാം. അതേസമയം എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി നല്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
14 ജില്ലകള്ക്കുമായി നാല് ഇലക്ടറല് റോള് ഒബ്സര്വര്മാര്
തിരുവനന്തപുരം: തീവ്ര വോട്ടര്പട്ടിക പുതുക്കലിന്റെ ഭാഗമായി 14 ജില്ലകള്ക്കുമായി നാല് ഇലക്ടറല് റോള് ഒബ്സര്വര്മാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര് ഡോ. രത്തന് യു. ഖേല്ക്കര് അറിയിച്ചു. മുതിര്ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളുടെ ചുമതല എം.ജി രാജമാണിക്യത്തിനും തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകള് കെ. ബിജുവിനും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള് ടിങ്കു ബിസ്വാളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകള് ഡോ. കെ. വാസുകിക്കുമാണ്. മൂന്ന് ഘട്ടങ്ങളിലായി ഒബ്സര്വര്മാര് ജില്ലകള് സന്ദര്ശിക്കും
