അതിര്‍ത്തി തര്‍ക്കം അതിരുകടന്നു….: കാസര്‍കോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയല്‍വാസിയായ യുവാവിന് പരിക്ക്
കാസര്‍കോട്: അയല്‍ക്കാർ തമ്മില്‍ ഉണ്ടായ അതിർത്തി തർക്കം കലാശിച്ചത് കടിയില്‍. അയല്‍വാസിയായ വെളിച്ചപ്പാടിന്‍റെ കടിയേറ്റ് പരിക്കേറ്റ യുവാവ് കാസർകോട് ചന്തേര പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപത്തെ പെയിന്റിംഗ് തൊഴിലാളി പി പ്രകാശനാണ് (45) വെളിച്ചപ്പാടിന്റെ കടിയേറ്റത്. പ്രകാശനെ ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
വെളിച്ചപ്പാട് ഓടിച്ച കാർ റോഡിലൂടെ പോകുന്നതിനിടെ മതിലില്‍ ഇടിച്ചിരുന്നു. തുടർന്നാണ് അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിക്കുന്നതിനിടയില്‍ തർക്കമായത്.
ഇതോടെ പ്രകാശനെ ചന്തേര ചെമ്ബിലേട് ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൃഷ്ണൻ തോളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ ചന്തേര പൊലീസ് നിലവില്‍ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു
