ഉല്ലാസയാത്രക്ക് സഹപ്രവർത്തകർക്കൊപ്പം എത്തിയ ബാങ്ക് ജീവനക്കാരി പുഴയില്‍ മുങ്ങിമരിച്ചു
മൂവാറ്റുപുഴ: ഉല്ലാസയാത്രക്ക് സഹപ്രവർത്തകർക്കൊപ്പം എത്തിയ ബാങ്ക് ജീവനക്കാരി പുഴയില്‍ മുങ്ങിമരിച്ചു. കാ ത്തലിക് സിറിയൻ ബാങ്ക് മാള കുഴിക്കാട്ടുശേരി ബ്രാഞ്ച് ജീവനക്കാരി അഷ്ടമിച്ചിറ കിഴക്കനൂട്ട് വീട്ടില്‍ ജിഷ്ണുവിന്റെ ഭാര്യ ശ്രദ്ധ (28) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11.15 ഓടെ മൂവാറ്റുപുഴ കാളിയാർ പുഴയിലാണ് സംഭവം.
നാലു ദിവസത്തോളം ബാങ്ക് അവധിയായിരുന്നതിനാല്‍ ബാങ്ക് ജീവനക്കാർ ഒരുമിച്ച്‌ഉല്ലാസയാത്രക്ക് എത്തിയതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് എത്തിയ ഇവർ കാവക്കാട് കാളിയാർ പുഴയോടു ചേർന്ന റിസോർട്ടില്‍ താമസിച്ചു. ശനിയാഴ്ച രാവിലെ 11.15ഓടെ സമീപത്തെ കാളിയാർ പുഴയിലെ കാവക്കാട് കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
കുളിക്കുന്നതിനിടെ യുവതി കാല്‍വഴുതി കയത്തില്‍ വീഴുകയായിരുന്നു. കൂടെയുള്ളവരും ഒച്ചകേട്ട് എത്തിയ നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് പോത്താനിക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബാങ്കിലെ കസ്റ്റമർ റിലേഷൻ ഓഫിസർ ആയിരുന്നു ശ്രദ്ധ. മാള അഷ്ടമിച്ചിറ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളാണ്. നാട്ടിലെത്തിച്ച മൃതദേഹം സംസ്കാരം നടത്തി. മകൻ: ദേവദത്ത് ജിഷ്ണു.
