കാസര്‍കോട് ബിഎല്‍ഒ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു; പിന്നില്‍ ജോലി സമ്മര്‍ദ്ദമെന്ന് ആരോപണം
കാസര്‍കോട്:അ മിതമായ ജോലി സമ്മർദ്ദത്തെത്തുടർന്ന് കാസർകോട് ബൂത്ത് ലെവല്‍ ഓഫീസർ (ബിഎല്‍ഒ) പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം നാട്ടുകാരെയും സഹപ്രവർത്തകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്.മൊഗ്രാല്‍ പുത്തൂർ സ്വദേശിയായ സവാദാണ് (32) മരിച്ചത്.
ചെർക്കള ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കൂടിയായ സവാദ് ശനിയാഴ്ച മൊഗ്രാല്‍ പാലത്തിന് മുകളില്‍ തന്റെ ബൈക്ക് നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട അമിതമായ ജോലിഭാരമാണ് സവാദിനെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സവാദിന് വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും അമിത സമ്മർദ്ദത്തെക്കുറിച്ച് സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും സവാദ് നേരത്തെ തന്നെ സംസാരിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
