Latestകേരളം

മുഖ്യമന്ത്രി -മോഹന്‍ലാല്‍ അഭിമുഖം; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ

മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര താരം മോഹൻലാലും ഒന്നിച്ചെത്തിയ ഒരുമണിക്കൂർ ദൈർഘ്യമുള്ള കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖത്തിനായി സർക്കാർ ഖജനാവില്‍ നിന്ന് ചിലവാക്കിയത് 11,21,000 രൂപയാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇത്തരം പിആർ വർക്കുകള്‍ക്കായി ഇത്രയധികം തുക ചിലവാക്കിയത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

വാർത്താ വിനിമയ വകുപ്പിന്റെ (PRD) ഫണ്ട് ഉപയോഗിച്ചാണ് ഈ തുക നല്‍കിയിരിക്കുന്നത്. അഭിമുഖത്തിന്റെ ചിത്രീകരണം, എഡിറ്റിംഗ്, അനുബന്ധ സാങ്കേതിക ജോലികള്‍ എന്നിവയ്ക്കായിട്ടാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖമായിരുന്നു ഇത്. പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. മോഹൻലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നില്‍ എന്നാണ് സിപിഎം പറഞ്ഞത്.