കരാര്‍ ഉറപ്പിച്ച സിനിമ പൂര്‍ത്തിയാക്കിയില്ല; ഗൗതം മേനോന് 4.25 കോടി നല്‍കണമെന്ന് ഹൈക്കോടതി
ചെ ന്നൈ: സിനിമാ നിര്‍മാണത്തിനുളള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംവിധായകന് ഗൗതം വാസുദേവ് മേനോന് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി.പ്രതിവര്‍ഷം 12 ശതമാനം പലിശനിരക്കില്‍ 2010 മുതല്ക്കുളള 4.25 കോടി രൂപ ഗൗതംമേനോനും അദ്ദേഹത്തിന്റെ പങ്കാളിത്തസ്ഥാപനവും തിരിച്ചടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കോടതി ഫീസായി 9.57 ലക്ഷവും അഭിഭാഷക ഫീസായി 2.5 ലക്ഷവും ഉള്‍പ്പെടെ 12 ലക്ഷം രൂപ ചെലവുകള്‍ക്കായി നല്‍കണം.
എല്‍റെഡ് കുമാര്‍ എന്നയാളുടെ ആര്.എസ്.ഇന്‍ഫോടെയ്ന്‍മെന്റ് എന്ന നിര്‍മാണ കമ്പനിക്ക് 4.25 കോടി നല്കാന് നേരത്തെ സിംഗിള്‍ ജഡ്ജി ഉത്തരവിട്ടതിനെതിരേയാണ് ഗൗതംമേനോനും അദ്ദേഹത്തിന് പങ്കാളിത്തമുളള ഫോട്ടോണ്‍ ഫാക്ടറിയും 2022 മേയ് മാസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച ജസ്റ്റിസ് പി.വേല്മുരുകന്, ജസ്റ്റിസ് കെ. ഗോവിന്ദരാജന്‍ എന്നിവരുടെ ബെഞ്ച് ഗൗതം മേനോന്റെ ഹര്‍ജി തിങ്കളാഴ്ച തളളി.
കരാര്‍ ഉറപ്പിച്ചിരുന്ന ‘ പ്രൊഡക്ഷന്‍ നമ്പര്‍ 6’ എന്ന പേരിടാത്ത സിനിമ ഗൗതം മേനോന് പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് 2013-ലാണ് ആര്.എസ്.ഇന്‍ഫോടെയ്ന്‍മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. 2008 നവംബര്‍ 27-ന് കരാര്‍ ഒപ്പുവെച്ചപ്പോള്‍ നിര്‍മാണച്ചെലവുകള്‍ക്കായി ആര്.എസ്.ഇന്‍ഫോടെയ്ന്‍മെന്റ് ഫോട്ടോണ്‍ ഫാക്ടറിക്ക് 13.5 കോടി നല്കാന് സമ്മതിച്ചു. 2008 ഡിസംബര്‍ പത്തിന് നിര്‍മാണം തുടങ്ങി 2009 ഏപ്രില്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നു കരാറിലുണ്ടായിരുന്നു. നിശ്ചിതസമയത്തിനകം സിനിമ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫോട്ടോണ്‍ ഫാക്ടറി പ്രതിവര്‍ഷം 24 ശതമാനം പലിശസഹിതം 13.5 കോടി തിരികേ നല്‍കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
തുടര്‍ന്ന് ആര്.എസ്.ഇന്‍ഫോടെയ്ന്‍മെന്റ് ഫോട്ടോണ്‍ ഫാക്ടറിക്ക് ഗഡുക്കളായി 4.25 കോടി നല്‍കിയെങ്കിലും സിനിമയുടെ നിര്‍മാണം ആരംഭിച്ചില്ല. 2010 ഫെബ്രുവരി 12-ന് സിനിമ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍സമയം അനുവദിക്കാമെന്ന് വാദി സമ്മതിച്ചു. എന്നാല്‍ വര്‍ഷങ്ങളായി അത് സംഭവിക്കാത്തപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി 2013-ല്‍ കോടതിയിലെത്തുകയായിരുന്നു.
