എടയാര്‍ തീപിടിത്തം; സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിര്‍ദേശം
എറണാകുളം എടയാർ വ്യവസായ മേഖലയില്‍ തീപിടിത്തമുണ്ടായ സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്‍റാണ് നിർദേശം നല്‍കിയത്.സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കും വരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറില്‍ നടത്തേണ്ട കോയില്‍ ടെസ്റ്റിങ് നടത്തിയില്ലെന്നും പ്രാഥമികപരിശോധനയില്‍ കണ്ടെത്തി.
അതേസമയം തീപിടിത്തത്തില്‍ മരിച്ച ബിഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം നല്‍കും. അസിസ്റ്റന്‍റ് കലക്ടർ പാർവതി ഗോപകുമാറിന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അഭിഭാഷകയായ ടി.ബി മിനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കള്‍, മരിച്ച ശത്രുധൻ മുഖ്യയുടെ രാം, കമ്പനിയുടെ ഉടമയുടെ മകൻ ജിക്ക്സണ്‍ സി.ആന്‍റോ അടക്കമുള്ളവരാണ് ചർച്ചയില്‍ പങ്കെടുത്തത്.
വ്യാഴാഴ്ച രാവിലെ നടന്ന തീ പിടിത്തത്തില്‍ ബോയ്ലർ പൊട്ടിത്തെറിച്ചാണ് ശത്രുധൻ മുഖ്യ മരിച്ചത്. കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര സുരക്ഷ വീഴ്ചയാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്
