Latestകേരളം

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ കേന്ദ്രം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകളും സമകാലിക വിഷയങ്ങളും പങ്കുവെക്കുന്ന സ്വതന്ത്ര ക്രിയേറ്റർമാരെയും ഇൻഫ്ലുവൻസർമാരെയും നിയന്ത്രിക്കുക ലക്ഷ്യമിട്ട് പുതിയ നിർദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഡിജിറ്റല്‍ വാർത്താ പ്രസാധകർക്ക് ബാധകമായ എല്ലാ ചട്ടങ്ങള്‍ക്കും ഇനി ഇവർക്കും ബാധകമാകും. 2021 ഐടി ചട്ടത്തില്‍ ഭേദഗതി വരുത്തി ഇത് സംബന്ധിച്ച്‌ കരടുവി‌ജ്ഞാപനം പ്രസിദ്ധീകരിച്ചു.

പുതിയ നിയമം അനുസരിച്ച്‌ വാർത്തകളും സമകാലിക വിഷയങ്ങളും ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്ന ആരെയും ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റർ വിഭാഗത്തില്‍ കൊണ്ടുവരും. ആഗോള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വീഡിയോ സ്ട്രീമിംഗ് സേവനങ്ങളും ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവർത്തിക്കുന്ന എല്ലാ ഇടനിലക്കാർക്കും ഭേദഗതി ചെയ്ത നിയമങ്ങള്‍ ബാധകമാകും.

നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ച്‌ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ നിയമങ്ങള്‍, സ്വകാര്യതാ നയങ്ങള്‍, ഉപയോക്തൃ കരാറുകള്‍ എന്നിവയിലൂടെ ഉപയോക്താക്കളെ അറിയിക്കണമെന്ന് കരട് വ്യക്തമാക്കുന്നു. ഇമേജുകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ ശബ്ദാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കാൻ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവർ, അത്തരം മെറ്റീരിയലുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി ലേബല്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ തെറ്റായി ചിത്രീകരിക്കുന്ന ഉള്ളടക്കം ഉള്‍പ്പെടെ, നിയമപരമായ വ്യവസ്ഥകള്‍ ലംഘിക്കുന്ന എഐ ജനറേറ്റഡ് ഉള്ളടക്കം സൃഷ്ടിക്കുന്നതോ പ്രചരിപ്പിക്കുന്നതോ തടയാൻ ഇടനിലക്കാർ സാങ്കേതിക ഉപകരണങ്ങള്‍ വിന്യസിക്കേണ്ടതുണ്ട്.

ള്ളടക്കത്തില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടാല്‍ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് അത് നീക്കം ചെയ്യാൻ ഉത്തരവിടാം. മുന്നറിയിപ്പ് നല്‍കുന്നതിനും ക്ഷമാപണം ആവശ്യപ്പെടാനും സാധിക്കും. ഒരു വ്യക്തി പങ്കുവെക്കുന്ന വാർത്താപരമായ ഉള്ളടക്കം നിയമവിരുദ്ധമാണെന്ന് കണ്ടാല്‍ അത് ബ്ലോക്ക് ചെയ്യാൻ മന്ത്രാലയത്തിന് ഉത്തരവിടാൻ സാധിക്കും. പരാതിക്ക് പുറമേ വാർത്താവിതരണ മന്ത്രാലയം നേരിട്ട് കൈമാറുന്ന വിഷയങ്ങളും കമ്മിറ്റിയുടെ പരിഗണനയില്‍ വരാൻ വ്യവസ്ഥയുണ്ട്. കോടതി ഉത്തരവുകളിലൂടെയോ സർക്കാർ അറിയിപ്പുകളിലൂടെയോ ലംഘനങ്ങളെക്കുറിച്ച്‌ യഥാർത്ഥ അറിവ് ലഭിച്ചുകഴിഞ്ഞാല്‍ ഇടനിലക്കാർ വേഗത്തില്‍ നടപടിയെടുക്കണം.

ഐടി ചട്ടമനുസരിച്ച്‌ ഒരു കണ്ടന്റ് നീക്കം ചെയ്‌താല്‍ അത് 180 ദിവസത്തേക്ക് കമ്പനികള്‍ സൂക്ഷിച്ചുവയ്‌ക്കണം. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയങ്ങള്‍ക്ക് നേരിട്ട് ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള അധികാരം നല്‍കാനും നിർദേശമുണ്ട്. സർക്കാർ സ്ഥാപിച്ച പരാതി അപ്പീല്‍ കമ്മിറ്റികള്‍ വഴി തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കും