Latestകേരളം

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍’; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ

2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസിത കേരളത്തിനായുള്ള പ്രധാന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടനപത്രിക എൻഡിഎ പുറത്തിറക്കി.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വർഷത്തില്‍ രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്നതാണ് പ്രകടനപത്രികയില്‍ ശ്രദ്ധേയമായ വാഗ്ദാനം ചെയ്യുന്നു. ഓണത്തിനും ക്രിസ്‌മസിനും ഓരോന്ന് വീതമാണ് ഈ സൗജന്യ സിലിണ്ടറുകള്‍ ലഭ്യമാക്കുക.

പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’ നല്‍കും. ഇത് ഉപയോഗിച്ച്‌ പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാൻ സാധിക്കും. കേരളത്തിലെ ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നല്‍കുമെന്നും എൻഡിഎ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ, പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകള്‍ക്കും, വിധവകള്‍ക്കും, 70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷനായി നല്‍കും. ആരോഗ്യ മേഖലയില്‍ കേരളത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നും പ്രകടനപത്രിക ഉറപ്പുനല്‍കുന്നു.

ഗതാഗത മേഖലയില്‍ വലിയ വികസനം ലക്ഷ്യമിട്ട് തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കും. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ മെട്രോ സർവീസുകള്‍ ആരംഭിക്കും. ക്ഷേത്ര ഭരണത്തില്‍ ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വർധിപ്പിക്കുന്നതിനുമായി ദേവസ്വം ബോർഡുകള്‍ പുനഃസംഘടിപ്പിക്കും. കൂടാതെ, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സമയബന്ധിതമായ സിബിഐ അന്വേഷണം നടത്തുമെന്നും എൻഡിഎ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.