ഭര്‍ത്താവിന്റെ പുനര്‍വിവാഹം; മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
ഹൈദരാബാദ്: ഭർത്താവിന്റെ പുനർവിവാഹത്തെ തുടർന്നുണ്ടായ മനോവിഷമത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി.ബോഡ പ്രവീണിന്റെ ഭാര്യ എസ്. ബനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏകദേശം 13 വർഷം മുമ്പായിരുന്നു ബോഡയുടെയും ബനോത്തിന്റെയും വിവാഹം. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മില്‍ തർക്കങ്ങള്‍ പതിവായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ബനോത്തും മക്കളും വാറങ്കലിലുള്ള യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് തിങ്കളാഴ്ച രാത്രി ബനോത്തിനെയും മക്കളെയും ബോഡക്കൊപ്പം ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോഡ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകർത്ത് വീടിനുള്ളില്‍ കയറിപ്പോള്‍ ബനോത്തിനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.ബോഡക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
