Latestദേശീയം

അയല്‍വാസിയായ പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മരിച്ചു

ഡൽഹി : അയല്‍വാസിയായ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ മരിച്ച നിലയില്‍.ഡല്‍ഹിയിലെ സീമാപുരിയില്‍ ഇന്നലെ വൈകുന്നേരമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ജതിൻ (24) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5:30ഓടെയാണ് പെണ്‍കുട്ടി കുത്തേറ്റു വീണതായി പൊലീസിന് വിവരം ലഭിക്കുന്നത്. അയല്‍വാസിയായ ജതിൻ പെണ്‍കുട്ടിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വൈകുന്നേരം ആറ് മണിയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി രണ്ടാമത്തെ സന്ദേശം പൊലീസിന് ലഭിക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോള്‍ ജതിൻ തന്റെ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. പൊട്ടിത്തെറി ഉണ്ടായ സമയം ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ തന്നെയാണ് സ്‌ഫോടനത്തില്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് സ്ഥലങ്ങളിലും ഫോറൻസിക് സംഘം പരിശോധനകള്‍ നടത്തിവരികയാണ്.

ജതിൻ മനഃപൂർവ്വം ജീവനൊടുക്കിയതാണോ അതോ അറിയാതെ സംഭവിച്ച അപകടമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. എന്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയലേക്ക് മാറ്റി.